വാക പൂത്ത വഴിയേ

         നന്നായി തിരക്കുള്ള കടൽതീരത്ത് അന്നു ഞാൻ ശൂന്യതക്ക്‌ വഴി മാറിയ മണൽ
തിട്ടകളെയാണ് കണ്ടത്. ഞാൻ സ്ഥിരം ഇരിക്കാറുള്ള ചെരിവുള്ള ചെറിയ കല്ല്
പ്രതീക്ഷയോടെ അകലേക്ക് കണ്ണും നീട്ടി ഇരിക്കുന്നു. ആ ഇരിപ്പിടത്തിൽ വേറെ
ആരും ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇനി അങ്ങനെ ആഗ്രഹിക്കുന്നതും ഇല്ല.
കാരണം ഇപ്പൊൾ അതെൻ്റെ സ്വകാര്യ സ്വത്ത് ആക്കി ഞാൻ മാറ്റികഴിഞ്ഞു.
ആരും വരുന്നതിനു മുൻപ് ഞാൻ അവിടെ പോയിരിക്കും. ഏറെ ഇരുട്ടിയതിന്
ശേഷം വീട്ടിൽ എത്തും. വിശ്രമ ജീവിതത്തിൽ പ്രവേശിച്ച എനിക്ക് അധികമായി
വേറൊന്നും ചെയ്യാനില്ല. പിന്നെ, ആ സ്ഥലത്ത് ഇരുന്നാൽ ഏറെക്കുറെ ദൂരം
വീക്ഷണവും ലഭിക്കാറുണ്ട്. കാഴ്ച കുറഞ്ഞതിൻ്റെ ചെറിയ അഭംഗികൾ മാത്രം
ശേഷിക്കും.
  " അലകൾ വന്ന് തീരത്ത് തലയടിച്ച് മരിക്കുമ്പോൾ കടലമ്മ കരയില്ലെ"?. എന്ന്
എൻ്റെ  കുഞ്ഞുമോൻ ചോദിക്കാറുണ്ടയിരുന്നു." അമ്മയിൽ നിന്നു ദൂരത്തു ആയാൽ
പിന്നെ എന്താ ചെയ്ക കരയുക അല്ലാതെ"?. ഇന്നവൻ കടലിനടിയിൽ ഗവേഷണം
നടത്തുന്ന മരൈൻ എൻജിനീയർ ആണ്.അമ്മയെയുംം മറന്നിരിക്കുന്നു.
  ഇന്ന് എൻ്റെ പീഠത്തിൽ ആരോ നേരത്തെ ഇരുന്നിട്ടുണ്ട്. ഐസ്ക്രീം കവറുകളും
മിഠായികവറുകളും മറന്നു വച്ച ഒരു മാസ്കും ഒരു ചോദ്യപേപ്പറിൻ്റെ പതിപ്പും
സേഷിച്ചിരിക്കുന്ന്. പരീക്ഷ കഴിഞ്ഞതിൻ്റെ സന്തോഷം കൂടിയ മട്ടാണ്.  " ജീവിതം
തുടങ്ങതത് ആ കുരുന്നുകൾ എന്തിന് എൻ്റെ ശവക്കല്ലറയിൽ എത്തി നോക്കി"?.
  " എന്തേ ഇത്രയും വൈകുന്നത്. ഞാൻ എത്ര നേരമായി ഇവിടെ കാത്ത് നിൽക്കുന്നു.
ഇനിയും വന്നില്ലെങ്കിൽ ഞാൻ പോകും"?. തരളമായ പ്രതിഷേധ സ്വരം കേട്ട് ഞാൻ
ചിന്തയിൽ നിന്ന് മുക്തയായി. മൊബൈലിലൂടെ അപ്പുറത്തെ ശ്രോതാവിനെയും
തുളച്ച് ഞാൻ വാകയുടെ നാട്ടിലെത്തി. എവിടെ നിന്നോ പണ്ടുണർന്ന വരികൾ പോലെ.
പ്രണയത്തിന് അന്നും ഇന്നും ഒരു നിറമാണ്. വാകപ്പൂവിൻ്റെ.പ്രകടനവും ഗന്ധവും
മാറിയെന്ന് മാത്രം. അഞ്ചു പതിറ്റാണ്ട് ഒരു നിമിഷം കൊണ്ട് ഇന്നലെപ്പോലെ
പ്രകാശിപ്പിച്ച മനസിനെത്ര മെമ്മറി ഉണ്ടാകും. അത്രമേൽ നിർമലമാണ് ഓർമകൾ.
ഇന്നിലേക്ക് ഇന്നലയെ തള്ളിവിട്ട ഒരുപിടി പൂക്കൾ. കയ്യിലെ കടിഞ്ഞാൺ
ഗണ്യമാക്കാതെവീണ്ടും പഴയ മണ്ണിലേക്ക്.
          മുജൻമ സുകൃതം പോലെ ഒരു കുടുംബം. എന്തിനും കൂടെ നിൽക്കുന്നവർ.
ജനനം, ബാല്യം, കൗമാരം എല്ലാം വളരെ സുഖകരം. ഉപരിപഠനം സ്വപ്നം കണ്ടപ്പോഴും
ആരും നിരുത്സഹപ്പെടുത്തിയില്ല. കോളജിൽ പോയആദ്യ ദിവസം വരവേറ്റത്
സീനിയർസ് ആയിരുന്നില്ല. ചുവന്നു തുടുത്ത വാകപ്പൂ ക്കൾ ആയിരുന്നു. വഴി നീളെ
പരവതാനി പോലെ സ്വപ്നങ്ങൾക്ക് നിറം ചാർത്തുകയായിരുന്നു. ചവിട്ടി പോകാൻ
മനസ്സ് ഉണ്ടായിട്ടല്ല, മറ്റൊരു വഴി അവിടെ ഇല്ലാത്തത് കൊണ്ട് മെല്ലെ പദമൂന്നി
കോളജിലേക്ക് കയറി.
      കൂട്ടുകാരികളുടെ കൂടെപ്പിറപ്പായി, അധ്യാപകരുടെ മിടുക്കികുട്ടിയായി,
കുസൃതിയും കളി ചിരിയുമായി ഒരു കോളേജ് പഠനകാലം. വളരെ ഭംഗിയായി
പോയപ്പോളാണ് മനസെന്തോ ആർക്കോ വേണ്ടി മാത്രം വിതുമ്പി തുടങ്ങിയത്.
അറിയില്ല. നിറഞ്ഞാടിയ മനസ്സ് ഒരാളെ കാണാൻ വേണ്ടി മാത്രം പുറത്തേക്കു എത്തി
നോക്കി. ഇത്ര മേൽ കാണാൻ ആഗ്രഹിക്കാൻ പറയത്തക്ക സൗന്ദര്യമോ, സംസാരമോ
എന്തിന് ഒരു നോട്ടം കൊണ്ട് പോലും  എന്നെ ആകർഷിച്ചിട്ടില്ല. കണ്ണട വച്ചിട്ടുണ്ട് എന്നതാണ് പുള്ളിക്കാരന്റെ
സ്പെഷിയാലിറ്റി - അത് അത്രക്ക് പറയത്തക്കതായതുമല്ല.
       എന്നാലും ' സ്ഫടികം ' സിനിമയിലെ ഉർവശിയെപ്പോലെ ആ കണ്ണട എന്റേത് മാത്രം
ആകണം എന്ന് ഞാൻ ആഗ്രഹിച്ചു. അതിനകത്തെ കണ്ണുകൾ ഇത്‌വരെ എന്നെ
കണ്ടിട്ടില്ല എന്നത് ആണ് സത്യം. കൂട്ടുകാരോടൊപ്പം ആണെങ്കിലും മനു
അതിനുള്ളിൽപ്പോലും അധികം സംസാരം ഇല്ല. എന്നാലും അന്തർമുഖരെപ്പോലെ
പുസ്തകപ്പുഴുവുമല്ല. ഇതിനിടയിൽ എന്തിലോ ആ മനുഷ്യൻ കൊളുത്തപ്പെട്ടിരിക്കുന്നു.
ചിലപ്പോൾ കുടുംബ ബന്ധങ്ങൾ ആകാം, ബന്ധങ്ങളുടെ ശിഥിലതയിലാകാം,
നാടിന്റെ പച്ചപ്പിലാകാം.  ഇനി മറ്റേതെങ്കിലും പ്രണയച്ചരടാകുമോ? - ഈ ഒരൊറ്റ
കൊളുത്തു മാത്രം എന്നെയും വലിച്ചു. " ദൈവമേ ഒരിക്കലും അത് ആകല്ലേ " എന്ന്
പ്രാർത്ഥനയോടെ ആകാശത്തേക്ക് നോക്കി. തനിക്ക് കിട്ടാത്തതല്ല, അത് മറ്റൊരാളുടെ
കയ്യിൽ ഇരിക്കുന്നത് കാണുന്നത് ആണ് പ്രണയത്തിന്റെ തീവ്രതയെ
തീഷ്‌ണപ്പെടുത്തുന്നത്.
      പ്രായത്തിന്റെ മൃദുല വികാരങ്ങളാകാം എന്ന കണക്ക് കൂട്ടലുകളെ തെറ്റിച്ചു
കൊണ്ട് അവൻ എന്നിൽ ആഴ്ന്നിറങ്ങി. കണ്ടാൽ നിവർന്ന് നോക്കാത്ത നോക്കിയാൽ
ആരാണെന്ന് പോലും ശ്രദ്ധിക്കാത്ത ഒരാളെ എങ്ങനെ ഞാൻ ഇഷ്ടമാണെന്നു പറയും?.
ഒരാളുടെ പശ്ചാത്തലമറിയാതെ ഒരാളെ എങ്ങനെ സ്നേഹിക്കും?. ഒരുപാട് തിരക്കി.
പേര്, ക്‌ളാസ്, സ്ഥലം ഇത് കൂടാതെ ഒന്നും ആരിൽ നിന്നും ഒന്നും കിട്ടിയില്ല. മിതമായ
ഇത്രയും അറിവ്‌വച്ചു എങ്ങനെ ഇഷ്ടമാണെന്ന് പറയും?. പക്ഷേ പറയാതിരുന്നാൽ………..
പറഞ്ഞാൽ എന്റെ മാതാപിതാക്കൾ നൽകിയ സന്തോഷത്തെ, സ്വാതന്ത്ര്യത്തെ ഇല്ലായ്മ
ചെയ്യുന്നതല്ലേ?. എന്റെ മനസ്സ് തന്നെ ഇരുപുറവും എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.

       നാളുകൾ ഒരുപാട് കൊഴിഞ്ഞു വാകപ്പൂക്കളെപ്പോലെ. കോളേജ് ഡേ
ആഘോഷത്തിനിടയിൽ ഉച്ചഭാഷിണിയിലെ അറിയിപ്പ് കേട്ട് കയ്യിലിരുന്ന കോഫി
കാന്റീനിൽ എറിഞ്ഞു എറിഞ്ഞില്ല എന്ന മട്ടിൽ ഞാൻ വേദിയായ
ഓഡിറ്റോറിയത്തിലേക്ക് പാഞ്ഞു. " ഈ സമയം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും
എഴുത്തിന്റെ ചെറിയ അസുഖവുമുള്ള ശ്രീമാൻ മനു തന്റെ കവിത
ആലപിക്കുകയാണ് " അവിടെ എത്തുമ്പോഴേക്കും കവിത തുടങ്ങിക്കഴിഞ്ഞിരുന്നു.
     കവിതയുടെ പേര് ' കഴിഞ്ഞ മഴക്കാലം ' . തുള്ളിക്കൊരു കുടം പോലെ തന്നെ
അക്ഷരങ്ങളുടെ പെരുമഴയായിരുന്നു. അവിടെ കവിതയിൽ ഇഴുകിച്ചേർന്ന്
ആലപിക്കുന്ന അവനിൽ അത് എത്രത്തോളം വ്യാപൃതമായിരിക്കുന്നു എന്നത് എന്നെ
അൽഭുതപ്പെടുത്തി. ലോകത്തിൽ അവൻ സ്നേഹിച്ചത് അക്ഷരങ്ങളെയാണ് എന്ന്
അറിഞ്ഞതിൽ ഞാൻ സന്തോഷിച്ചു. അവന്റെ ഇഷ്ടങ്ങളെ ഞാനും സ്നേഹിച്ചു ഒട്ടും
മടുപ്പില്ലാതെ. പക്ഷേ സാഹിത്യവാസന തൊട്ട് തീണ്ടിയിട്ടില്ലാത്തതിനാൽ ഞാൻ
നേരിയ തോതിൽ എങ്കിലും മാതാപിതാക്കളെ മനസാ വിമർശിച്ചു. അവൻ കാരണം
അമ്മയെയും അച്ഛനെയും അവരറിയാതെ ആണെങ്കിലും ആദ്യമായി കുറ്റപ്പെടുത്തി.
ആ വലിയ മനുഷ്യരുടെ ഇടയിൽ ഇവൻ എങ്ങനെ വലിയവൻ ആകും. എന്നാലും ആ
വരികൾ എന്നെ അവനിലേക്ക് ആകർഷിച്ചു.
       ഒന്നഭിനന്ദിക്കാൻ പോലും ഞാൻ ചെന്നില്ല. എന്താന്നറിയില്ല.  പറഞ്ഞാൽ
തീരാത്തത്ര ഉണ്ടായിരുന്നു എന്റെ നെഞ്ചിനുള്ളിൽ. കുറെ ആലോചിച്ചു. അവസാനം
അതെല്ലാം ചേർന്ന് ഒരു കത്തായി. പ്രണയലേഖനം ഒന്നും അല്ല. ആശംസകൾ മാത്രം.
മറുപടി എഴുതാൻ ഒരു അഡ്രസ് പോലും ഇല്ലാതെ കുറെ വരികൾ, കുറെ കത്തുകൾ.
അവസാനം ഈ കത്തുകൾ അവരുടെ ഇടയിൽ ഒരു സംസാര വിഷയമായി. അപ്പോൾ
പോലും എന്റെ പ്രണയിതാവിന് ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല.
അക്ഷരങ്ങളുടെ ഇടയിൽ കൂട് കൂട്ടിയ അവൻ വാക്കുകൾക്ക് വേണ്ടി തിരഞ്ഞു. പിന്നെ
കത്തുകൾ എഴുതാതെ ആയി ഏകദേശം ഒരു വർഷത്തോളം.
      ഒരു ദിവസം ലൈബ്രറിയിൽ ഇരുന്ന് എന്തോ എഴുതുകയായിരുന്ന മനുവിനെ ഞാൻ
കണ്ടു. വായിച്ചു കൊണ്ടിരുന്ന ബുക്കിനകത്തു ഒരു പേപ്പർ വച്ച് ക്ലാസ്സിലേക്ക് പോയി.
ആ ബുക്ക് തന്നെ വായിക്കാൻ ആയി അവിടെ രെജിസ്റ്ററിൽ എഴുതി കൊണ്ടു പോയി.
ഒറ്റക്കിരുന്നു ബുക്ക്‌ തുറന്നു.
                     
                    എന്റെ പ്രണയിനിക്ക്
     
           ഒരു നാൾ വരൂ നീ എന്നിലേക്ക്‌
           പല മാത്ര നിനച്ചു നീ വന്നുവെന്ന്
           അറിയില്ലറിയില്ല നീ ആരാണെന്ന്
    
        പകുതി എഴുതിയപ്പോഴാണ് കവിതാകൃത്ത് ക്ലാസ്സിലേക്ക് ഓടിയത്. പിന്നെയും ഒരു
ചെറിയ കത്ത് എഴുതാൻ ആ വരികൾ എന്നെ സ്വാധീനിച്ചു.എഴുതി. വരികൾ
അതുപോലെ. പിന്നെ എന്റെ മനസ്സിലുള്ളത് പോലെ. നാളുകൾക്ക് ശേഷമുള്ള കത്തു
കണ്ട് അവൻ അത്ഭുതപ്പെട്ടു കാണണം. അതിലുപരി അവന്റെ സ്വന്തം കവിത
കണ്ടിട്ടും. ശരിക്കും പറഞ്ഞാൽ പിറ്റേന്ന് ഞാനാണ് അൽഭുതപ്പെട്ടത്. മനുവിന്റെ
കത്ത് എനിക്ക് കിട്ടിയപ്പോൾ. കവിതയുടെ ബാക്കി വരികളും അതിലുണ്ടായിരുന്നു.

                 അറിയില്ലറിയില്ല നീ ആരാണെന്ന്
                          ഇന്ന് ഞാനറിയുന്നു
                    നീ ഒരു മാത്ര മുന്നിലുണ്ടെന്ന്‌
   
      ഇത്രയും മതിയായിരുന്നു എനിക്ക്. പിന്നെ കാണുമ്പോൾ ഓരോ ചിരി പരസ്പരം
നല്കാറുണ്ടായിരുന്നു ഇരുവരും. അപ്പോഴേക്കും അവരുടെ ക്‌ളാസ് കഴിയാറായി.
പരീക്ഷ ഒക്കെ ആയി ഒതുങ്ങിക്കൂടി. വരവുകൾ വല്ലപ്പോഴുമായി. വാക മരങ്ങളും
പൂവുതിർക്കാതെയായി.
       ഒരു കത്തു കൂടി എനിക്ക് വന്നു.ഒരു കൂടിക്കാഴ്ചക്കുള്ള ക്ഷണമായിരുന്നു അത്.
അതിനു മുമ്പേ ഈ ആഗ്രഹം എനിക്കുണ്ടായിരുന്നു. ഇങ്ങോട്ടാവശ്യപ്പെട്ടപ്പോൾ കുറച്ചു
തലക്കനം കൂടി. രണ്ട് ദിവസം കഴിഞ്ഞാണ് മറുപടി നൽകിയത്. കാണാം എന്ന്
പറഞ്ഞ ദിവസം കുറച്ച് ഭയം ഉണ്ടായിരുന്നു എന്നതാണ് സത്യം. 
     അവനെ കണ്ടപ്പോൾ എനിക്ക് ആശ്വാസമായി കാരണം എന്നെക്കാളും പേടി
കാരണം വിയർത്താണ് അവൻ വന്നെത്തിയത്. വാക മരച്ചുവട്ടിൽ ഒതുങ്ങി
ഞങ്ങളിരുന്നു. ഒന്നും സംസാരിച്ചില്ല. ഇടനാഴിയിലേക്ക് മുഖം നീട്ടിയിരുന്നു ഇരുവരും.
പരസ്പരം നോക്കാതെ അങ്ങനെ തന്നെ നോക്കി അവൻ മൗനത്തെ തകർത്തു.
      " കാണണം എന്ന് ഞാൻ പറഞ്ഞത് പ്രണയസൗധം കെട്ടി ഉയർത്താനല്ല.
അതിനേക്കാലുപരി എൻ്റെ ജീവിതത്തെ തനിക്ക് മുന്നിൽ പകർത്താനാണ്. കുറേ
പ്രാരാബ്ധങ്ങളുമായി സാമ്പത്തിക ഭദ്രതതയുടെ അടിവേര് വരെ നശിച്ച് നിൽക്കുന്ന
കുടുംബമാണ് ഞങ്ങളുടേത്. ഈ കോളേജ് ജീവിതം കഴിഞ്ഞ് എങ്ങോട്ട് പോകണം
എന്ന് പോലും അറിയില്ല. സ്നേഹത്തെ തട്ടിത്തെറിപ്പിക്കുകയല്ല. ഉടഞ്ഞു
പോകാതിരി്കാൻ, വഴിയിൽ നഷ്ടപ്പെടാതിരിക്കാൻ നീക്കി വയ്ക്കുകയാണ്.
ആദ്യമായി എന്നെ സ്നേഹിച്ച തന്നോട് എനിക്കും ഒരു ഇഷ്ടം തോന്നിപ്പോയി. അതാണ്
കാണാൻ തോന്നിയത്. നാളെ ഞാൻ ഹോസ്റ്റൽ വിടും. നന്നായി പഠിക്കുക".
       കണ്ണ് നിഞ്ഞുപോയി. മനുവും എനിക്കു മുന്നിൽ വശത്തേക്ക് ആണ് തിരിഞ്ഞ്
നിൽക്കുന്നത്. ഇത്രയും പറയാൻ അവൻ കരുതി വച്ച ധൈര്യം തീർന്നു പോയിട്ടുണ്ടാകും.
എൻ്റെ മനസ് മുഴവൻ വെള്ളയടിച്ചത് പോലെയായി. എന്നിട്ടും ഞാൻ ചോദിച്ചു.

            " എന്നെ കൂടെ കൂട്ടാമോ"

     ഒരു നിമിഷം രണ്ടു പേരും പരസ്പരം നോക്കി. പിന്നെ അവൻ്റെയും കണ്ണുകൾ
നിറഞ്ഞു. എൻ്റെ കുടുംബത്തെ വേദനിപ്പിച്ചു പ്രണയിച്ച് ഒരാളോടൊപ്പം പോകാൻ
ഞാൻ ആഗ്രഹിച്ചില്ല. കൊണ്ടുപോകാൻ അവനും. എന്തോ ഒന്ന് അങ്ങനെ ചോദിക്കാൻ
നിർബന്ധിതയാക്കി. എങ്ങോ നഷ്ടപ്പെട്ട കൂട്ട് വീണ്ടും കിട്ടിയ പോലെയായിരുന്നു.
അവൻ തുടർന്നു " എൻ്റെ വീടെന്ന പോലെ കൂപ്പു കുത്തിയാണ് എൻ്റെ ജീവിതവും
നിൽക്കുന്നത്. വിളിക്കാം എന്ന് ഉറപ്പു തന്ന് തന്നെ നിരാശപ്പെടുത്തുന്നില്ല. എൻ്റെ
നിഴലിൽ വെന്തുരുകുന്ന ഒരു ജീവിതം കൂടെ ഇനി ഉണ്ടാകണ്ട". 

      പിന്നെയും കുറെ മൗന നിമിഷങ്ങൾ

      " ഞാൻ എഴുതി വച്ച കവിത ഉൾപ്പെട്ട ബുക്ക് നീയാണ് കൊണ്ട് പോയതെന്ന് രജിസ്റ്റർ
നോക്കി ഞാൻ കണ്ട്പിടിച്ചു. വെള്ളച്ചാട്ടം പോലുള്ള പെണ്ണ് മരുപ്പച്ചയായ എന്നെ
പ്രണയിച്ചപ്പോൾ ശരിക്കും നിന്നോട് പുച്ഛം തോന്നി. എന്നിട്ടും നിന്നോട് ഞാൻ ചിരിച്ചു.
അത് എന്തിനാണ് എന്ന് എനിക്ക് പോലും മനസിലായില്ല. അത് മനസ്സിലായപ്പോഴാണ്
കാണണം എന്ന് എഴുതിയത്". ഒരുപാട് സംസാരിക്കാൻ പോയ ഞാൻ ഒന്നും പറഞ്ഞില്ല.
അവൻ തുടർന്നു. " ഇത് പ്രണയ നഷ്ടമല്ല. ഈ കോളജിൻ്റെ പടിയിറങ്ങുമ്പോൾ എനിക്ക്
ഇല്ലാതാങ്ങുന്നത് നിന്നെ കാണാതെ ഞാൻ നഷ്ടമാക്കിയ കുറേ ഇന്നലെകളെയാണ്.
പക്ഷേ അതൊരു നഷ്ടമല്ല ലാഭമാണ്. കാരണം കുറേ സ്വപ്നങ്ങൾ കൊണ്ട് പരസ്പരം
വീർപ്പ് മുട്ടിച്ചില്ലല്ലോ, വാഗ്ദാങ്ങൾ കൊണ്ട് വാരിപ്പുണർന്നില്ലല്ലോ".

            അവൻ പോയി ഒരു യാത്ര പോലും പറയാതെ……തിരിഞ്ഞ് നോക്കാതെ……
ഞാനവിടെ തന്നെ ഇരുന്നു. സമയം അറിയാതെ. സന്ധ്യക്ക് ബഹളം വയ്ക്കുന്ന
കുട്ടികളുടെ നിരയാണ് എന്നെ കടൽക്കരയാണെന്ന ബോധ്യത്തിലേക്ക് എത്തിച്ചത്.
എഴുന്നേറ്റ് ദൂരെ കാണുന്ന flat ലക്ഷ്യമാക്കി നടന്നു. നടപ്പിലെപ്പോഴോ ആരോ " എന്നെ
കൂടെ കൂട്ടാമോ " എന്ന് ചോദിച്ചു കൊണ്ടേയിരുന്നു. ചീറി വന്ന ഒരു കാറിലെവിടെയോ
തട്ടി ചെന്നിണം പടർന്നു വാകപ്പൂക്കൾ പോലെ.